This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിയും കോലും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ടിയും കോലും

കുട്ടിയും കോലും കളി

കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കളി. ക്രിക്കറ്റ്‌ കളിയോട്‌ ഏതാണ്ട്‌ സാദൃശ്യമുള്ള ഈ വിനോദത്തിന്‌ തമിഴ്‌നാട്‌, കര്‍ണാടകം എന്നിവിടങ്ങളിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രചാരമുണ്ട്‌. ഉത്തരേന്ത്യയില്‍ ഇതിന്‌ "ഗുല്ലി-ഡംഡി' എന്നാണ്‌ പേര്‌. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഈ കളി "കിട്ടിപ്പുല്‍' എന്ന പേരില്‍ അറിയപ്പെടുന്നു.

60-75 സെ.മീ. നീളവും നല്ല ബലവുമുള്ള ഒരു വടിയാണ്‌ ഇതിന്റെ കോല്‍. ഏതാണ്ട്‌ 15 സെ.മീ. നീളമുളള വണ്ണംകുറഞ്ഞ കമ്പാണ്‌ കുട്ടി. കളിസ്ഥലത്തിന്റെ ഒത്തനടുക്കായി 15 സെ.മീ. നീളവും 3-5 സെ.മീ. വീതിയുമുള്ള ഒരു കുഴി ഉണ്ടാക്കിയശേഷമാണ്‌ കളി തുടങ്ങുക. കളിക്കാര്‍ "അടിക്കുന്നവര്‍', "തടുക്കുന്നവര്‍' എന്നിങ്ങനെ രണ്ടു ടീമായി തിരിയും. അടിക്കുന്ന ടീമിലെ ആദ്യത്തെയാള്‍ കുട്ടി കുഴിയില്‍ പാലംപോലെ വിലങ്ങനെ വച്ചശേഷം "കാത്തോ' എന്നു വിളിച്ചുചോദിക്കും. "കാത്തു' എന്ന്‌ തടുക്കുന്ന ടീമിലെ അംഗങ്ങള്‍ വിളിച്ചുപറഞ്ഞാലുടന്‍ കോലിന്റെ അറ്റം കുഴിയുടെ കീഴിലേക്ക്‌ ചേര്‍ത്തുവച്ച്‌ കുട്ടിയെ കോരി ആവുന്നത്ര ദൂരത്തില്‍ എറിയും. തടുക്കുന്നവര്‍ കുട്ടി നിലത്തുവീഴുന്നതിനു മുമ്പു പിടിക്കാന്‍ ശ്രമിക്കും. അങ്ങനെ കുട്ടി പിടിക്കപ്പെടുകയാണെങ്കില്‍ അടിക്കാരന്റെ കളി പോകും; അയാള്‍ കളിയില്‍ നിന്നു പുറത്താകും. കുട്ടി പിടിക്കുകയാണെങ്കില്‍ പിടിച്ച ആളിന്റെ ഊഴം വരുമ്പോള്‍ ഒരു പിടിത്തത്തിന്‌ ഒരു കളി എന്ന കണക്കിന്‌ അയാള്‍ക്ക്‌ കൂടുതല്‍ തവണ കളിക്കാം. കുട്ടി ആരുടെയും പിടിയില്‍പ്പെടാതെ നിലത്തുവീഴുകയാണെങ്കില്‍ അത്‌ എടുത്തു കുഴിക്കു നേരെ എറിഞ്ഞുകൊടുക്കണം. അടിക്കാരന്‍, കുഴിക്കുനേരെ മടങ്ങിവരുന്ന കുട്ടിയെ കോല്‌കൊണ്ട്‌ അടിച്ച്‌ ദൂരെത്തെറിപ്പിക്കും. കുട്ടി മടക്കി എറിയുമ്പോള്‍ കുഴിയുടെ സ്ഥലത്തുനിന്നും ഒരു കോല്‍ അകലത്തില്‍ കുറഞ്ഞ ദൂരത്തില്‍ കുട്ടി വീണാലും അടിക്കാരന്റെ കളി പോകും. ചിലയിടങ്ങളില്‍ മറ്റൊരു രീതിയുമുണ്ട്‌. കുട്ടി ആരുടെയും പിടിയില്‍ പെടുന്നില്ലെങ്കില്‍ അടിക്കാരന്‍ കോല്‍ കുഴിയുടെ അടുത്തു വിലങ്ങനെയിടും. കുട്ടി വീണ സ്ഥലത്തിനടുത്തു നില്‍ക്കുന്ന എതിര്‍കക്ഷിയിലെ ആള്‍ കുട്ടിയെടുത്ത്‌ കോലില്‍ എറിഞ്ഞുകൊള്ളിക്കാന്‍ ശ്രമിക്കും. ഇങ്ങനെ എറിയുമ്പോള്‍ കുട്ടി കോലില്‍ കൊണ്ടാലോ കുഴിയില്‍നിന്നും ഒരു കോല്‍ അകലത്തിനുള്ളില്‍ വീണാലോ അടിക്കാരന്‍ പുറത്താകും.

ആദ്യത്തെ രീതിയനുസരിച്ച്‌ കുഴിക്കുനേരെ വരുന്ന കുട്ടിയെ കോല്‍കൊണ്ട്‌ അടിച്ച്‌ ഒരു കോല്‍ അകലത്തില്‍ കൂടുതല്‍ ദൂരത്തില്‍ തെറിപ്പിക്കുമ്പോഴോ രണ്ടാമത്തെ രീതിയനുസരിച്ച്‌ എതിര്‍കക്ഷിക്കാരന്‍ കുട്ടി എറിയുമ്പോള്‍ ഒരു കോലില്‍ കൂടുതല്‍ ദൂരത്തില്‍ കുട്ടി വീഴുമ്പോഴോ അടിക്കാരന്‍ കുഴിയില്‍നിന്ന്‌ കുട്ടി കിടക്കുന്ന സ്ഥലംവരെയുള്ള ദൂരം എത്രയെന്ന്‌ കോലുകൊണ്ടളക്കും. കുട്ടി കുഴിക്കു മുകളില്‍ പാലംപോലെ വിലങ്ങനെവച്ചു കോലുകൊണ്ട്‌ കോരി എറിയുന്നതിനു പകരം അടിക്കാരന്റെ വലതുകൈയില്‍ത്തന്നെ കുട്ടിയും കോലുംപിടിച്ച്‌ കുട്ടി അല്‌പം പൊക്കി ഇട്ട്‌ കോലുകൊണ്ട്‌ അടിച്ചുതെറിപ്പിക്കുന്ന ഒരു രീതിയും ചിലയിടങ്ങളില്‍ നിലവിലുണ്ട്‌.

കുഴിയില്‍നിന്ന്‌ കുട്ടി കിടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം അളക്കുന്നതിന്‌ ചില പ്രത്യേക എണ്ണങ്ങളുണ്ട്‌. ചാക്കുട്ട, ചാത്ത്യാമ്പ്രം (ചാത്തിപ്രം), മുറിമുട്ട്‌, നാലുനട, അയറ്റിക്കോണി, ആറേങ്ക്‌, ഉല്ലാസ്‌ എന്നിവ. ചിലയിടങ്ങളില്‍ സാദേമ്പര്‍, മുറിമുട്ട്‌, നായ്‌ക്കോണി, ഐറ്റിക്കോണി, ആറേങ്കീ, ഉല്ലാസ്‌ (കീളേസ്‌) എന്നിങ്ങനെയും മറ്റുചിലയിടങ്ങളില്‍ ഏക്കു, ചാത്തി, മുറി, നാഴി, ഐറ്റി, ആറാങ്കോ, പണം എന്നിങ്ങനെയും എണ്ണങ്ങള്‍ ഉണ്ട്‌. ഉല്ലാസ്‌ കഴിഞ്ഞാല്‍ വീണ്ടും ചാക്കുട്ട, ചാത്ത്യാമ്പ്രം എന്ന്‌ എണ്ണിത്തുടങ്ങും. അളവ്‌ അവസാനിക്കുന്നത്‌ ഏത്‌ എണ്ണത്തിലാണോ ആ എണ്ണത്തിനുള്ള പ്രത്യേക രീതിയിലായിരിക്കണം അടിക്കാരന്‍ പിന്നീട്‌ കുട്ടിയെ പിടിച്ച്‌ കോലുകൊണ്ട്‌ അടിച്ചുതെറിപ്പിക്കേണ്ടത്‌.

കാലടിയുടെമേല്‍ വിരലുകളുടെ കടഭാഗത്തായി കുട്ടിവച്ച്‌ മേല്‌പോട്ടെറിഞ്ഞു കോലുകൊണ്ട്‌ അടിച്ചുതെറിപ്പിക്കുന്നതാണ്‌ ചാക്കുട്ട (സാദേമ്പര്‍). കോലുകൊണ്ട്‌ കുട്ടി മേല്‌പോട്ടെറിഞ്ഞതിനുശേഷം കുട്ടി നിലത്തുവീഴുന്നതിനുമുമ്പായി കോല്‍കൊണ്ട്‌ അടിച്ചുതെറിപ്പിക്കുന്നതാണ്‌ ചാത്ത്യാമ്പ്രം അല്ലെങ്കില്‍ ചാത്തിപ്രം. ഇടതുകൈപ്പടം ചുരുട്ടി തള്ളവിരല്‍ മുകളില്‍ വരത്തക്കവിധം കൈ ഉള്ളിലേക്കു തിരിച്ചുപിടിച്ചു മുഷ്‌ടിക്കു മുകളില്‍ കുട്ടിവച്ചു മുകളിലേക്ക്‌ എറിഞ്ഞ്‌ വലതുകൈയിലെ കോല്‍കൊണ്ട്‌ അടിച്ചുതെറിപ്പിക്കുന്നതാണ്‌ മുറിമുട്ട്‌. ഇടതുകൈപ്പത്തി കമഴ്‌ത്തിവച്ച്‌ തള്ളവിരലും ചൂണ്ടുവിരലും മാത്രം നിവര്‍ത്തി മറ്റു വിരലുകള്‍ മടക്കിയശേഷം നിര്‍ത്തിവച്ചിരിക്കുന്ന വിരലുകളിന്മേല്‍ കുട്ടിവച്ച്‌ മേല്‌പോട്ടെറിഞ്ഞ്‌ കോല്‌കൊണ്ട്‌ അടിച്ചു തെറിപ്പിക്കുന്നതാണ്‌ നാലുനട (നായ്‌ക്കോണ്‍). ഇടതുകൈമടക്കി കൈമുട്ടിനു മീതെ കുട്ടി വച്ച്‌ മേലോട്ടെറിഞ്ഞ്‌ കോലുകൊണ്ടടിച്ചു ദൂരെ തെറിപ്പിക്കുന്നതാണ്‌ അയറ്റിക്കോണി. മുഖം ഉയര്‍ത്തി ഇടതുകണ്ണിന്റെ പോളയില്‍ കുട്ടിവച്ച്‌ അത്‌ താഴോട്ടിട്ട്‌ കോലുകൊണ്ടടിക്കുന്നതാണ്‌ ആറേങ്ക്‌. ഉല്ലാസിന്‌ പ്രത്യേക രീതിയൊന്നുമില്ല. ഉല്ലാസുവന്നാല്‍ ആദ്യത്തെപ്പോലെ കുഴിയില്‍ കുട്ടിവച്ചു കോല്‍കൊണ്ടു കോരി അടിക്കുകയാണ്‌ ചെയ്യുന്നത്‌.

ഇങ്ങനെ ഓരോ ടീമിലെയും അംഗങ്ങള്‍ കളി പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ കൂടുതല്‍ ഉല്ലാസ്‌ നേടുന്ന ടീം വിജയിയായി പ്രഖ്യാപിക്കപ്പെടും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍